ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം .കിഴക്ക് തമിഴ്‌നാട്, വടക്ക് കർണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ് അറബിക്കടലുമാണ് 11 മുതൽ 121 കിലോ മീറ്റർ വരെ വീതിയുള്ള കേരളത്തിന്റെ അതിർത്തികൾ. മലയാളഭാഷ സംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്ന (നാഗർ കോവിൽ, കന്യാകുമാരി താലൂക്കുകൾ ഒഴികെയുള്ള) തിരുവിതാംകൂർ, കൊച്ചി, മലബാർ, ദക്ഷിണ കർണ്ണാടകത്തിലെ കാസർഗോഡ് താലൂക്ക് എന്നീ പ്രദേശങ്ങൾ ചേർത്ത് 1956-ലാണ് ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപവത്കരിച്ചത്.
പേരിനുപിന്നിൽ
കേരളം എന്ന പേരിന്റെ ഉത്ഭവത്തിന്റെ കാര്യത്തിൽ വിഭിന്ന അഭിപ്രായങ്ങൾ ഉണ്ട്.
- കേരവൃക്ഷങ്ങൾ നിറഞ്ഞ സ്ഥലം എന്ന അർത്ഥത്തിൽ കേരളം എന്ന പേര് ഉണ്ടായി എന്ന അഭിപ്രായമാണ് ഏറ്റവും പ്രബലം.കേരം എന്ന പദവും സ്ഥലം എന്നർഥം വരുന്ന അളം എന്ന പദവും ചേർന്നാണ് കേരളം എന്ന പേര് ഉണ്ടായത് എന്ന് വിശ്വസിക്കപ്പെടുന്നു.
- ‘ചേരളം’ എന്ന പദത്തിൽ നിന്ന് ഉത്ഭവിച്ചതാണെന്നാണ് മറ്റൊരു വാദം, ചേർ, അഥവാ ചേർന്ത എന്നതിന് ചേർന്ന എന്നാണ് അർത്ഥം. കടൽ മാറി കരകൾ കൂടിച്ചേർന്ന എന്ന അർത്ഥത്തിൽ ആണ് ഇത് ഉത്ഭവിച്ചത് എന്നാണാ വാദഗതിക്കാർ കരുതുന്നത്. സംഘകാലത്തിലെ നെയ്തൽ തിണൈ എന്ന ഭൂപ്രദേശത്തിൽ വരുന്ന ഇവിടം കടൽ ചേരുന്ന് ഇടം എന്നർത്ഥത്തിൽ ചേർ എന്ന് വിളിച്ചിരുന്നു. ചേർ+അളം എന്നതിന് സമുദ്രം എന്ന അർത്ഥവുമുണ്ട്. കടലോരം എന്ന സൂചനയാണ് ചേരളം തരുന്നത്. ചേരലർ കടലോരത്തിന്റെ അധിപരുമായി.
- ചേര രാജാക്കന്മാരിൽ നിന്നുമാകാം പേർ വന്നതെന്നാണ് മറ്റൊരു അഭിപ്രായം. ഇവരുടെ പേർ തന്നെ ഥേര എന്ന പാലി വാക്കിൽ നിന്നുത്ഭവിച്ചതാണ് എന്നാണ് മറ്റൊരു മതം. അതിന് ബുദ്ധമതവുമായി ബന്ധം കാണുന്നു. ഥേരൻ എന്ന വാക്കിന് വലിയേട്ടൻ എന്നാണ് വാച്യാർത്ഥം. ബുദ്ധമതത്തിലെ ഥേരവാദമതത്തിൽപെട്ടവരായിരുന്നു ചേര രാജാക്കന്മാർ എന്ന് കരുതുന്നു. ഥേര എന്ന വാക്ക് പാലിയിൽ നിന്ന് താലവ്യവത്കരണം എന്ന സ്വനനയം പ്രകാരം ചേരൻ എന്നായതാണെന്നും, സ്ഥലം എന്ന അർത്ഥത്തിലുള്ള പാലി പദമായ തളം, ആദിലോപം പ്രാപിച്ച് അളം ആയതാണെന്നും ഇക്കൂട്ടർ വിശ്വസിക്കുന്നു. കേരളം ഒരു കാലത്ത് ബുദ്ധമതക്കാരുടെ പ്രബലകേന്ദ്രമായിരുന്നു എന്ന വിശ്വാസം ബലപ്പെടുന്നതാണീ വാദം.ചേര എന്നതിന്റെ കന്നട ഉച്ചാരണം കേര എന്നാണ്. ഇതായിരിക്കാം കേരളം ആയതെന്നാണ് ഹെർമൻ ഗുണ്ടർട്ട് വാദിക്കുന്നത്.
- വീരകേരളന്റെ നാടായതിനാൽ കേരളം എന്ന പേർ വന്നു എന്നും ഒരു വിശ്വാസം ഉണ്ട്.
- മലഞ്ചെരിവ് എന്നർത്ഥമുള്ള ചാരൽ എന്ന തമിഴ് പദത്തിൽ നിന്നാണ് ചേരൽ ഉണ്ടായതെന്നും അതാണ് കേരളമായതെന്നും മറ്റൊരു വാദം നിലനിൽക്കുന്നു.
- മറ്റൊരു അഭിപ്രായം അറബി സഞ്ചാരികളാണ് പേരിന്റെ ഉല്പത്തിക്കു പിന്നിൽ എന്നാണ്. കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും സമ്പത്സമൃദ്ധിയും കണ്ട് അവർ അല്ലാഹു അനുഗ്രഹിച്ച നാട് എന്നർത്ഥത്തിൽ ഖൈറുള്ള എന്ന് വിളിച്ചിരുന്നത്രെ. അത് ലോപിച്ചാണ് കേരളം എന്ന പേര് ഉണ്ടായതെന്നാണ് ഇക്കൂട്ടരുടെ വിശ്വാസം. മലബാർ എന്ന പേർ നൽകിയത് അറബികൾ ആണെന്നതും ഇതിന് ശക്തി പകരാൻ ചൂണ്ടിക്കാണിക്കപ്പെടുന്നു.
- ചേരം (കേരളം) എന്ന വാക്ക് നാഗം (പാമ്പ്) എന്നതിന്റെ തൽസമമാണെന്ന് എൽ.എ. അനന്തകൃഷ്ണയ്യർ സൂചിപ്പിക്കുന്നു. കേരളത്തിലെ ദ്രാവിഡരുടെ നാഗാരധനകാരണമായിരിക്കണം ഒരു പക്ഷെ ഈ പേരു വരാനുള്ള കാരണം.
-കൂടുതൽ വിവരങ്ങള്‍ ഇവിടെ-
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ